Thursday, October 19, 2017

അവയവദാനം

അവയവദാനം പോയിട്ട് രക്തദാനം പോലും ഖുർആനിലോ ഹദീസിലോ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ചരിത്രബോധമുള്ള ആർക്കും മനസ്സിലാവും. അതിൽ ഇസ്‌ലാമിനെ പരിഹസിക്കുന്നുമില്ല. ആധുനിക മനുഷ്യന്റെ സങ്കീർണ്ണമായ പുതിയ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ചർച്ചചെയ്യുന്നിടത്ത് മതപുരോഹിതന്മാർ ഇടപെടുന്നതാണ് പ്രശ്‍നം. ഇസ്ളാമൊഴികെ മറ്റു മതങ്ങളിലൊന്നും ഈ പ്രശ്‍നം ഇത്ര രൂക്ഷമല്ല. ഇസ്‌ലാം അവകാശപ്പെടുന്ന 'സമഗ്രത'യാവിണിവിടെയും പ്രശ്‍നം.  ഉടലോടെ സ്വർഗത്തിൽ പോകാനുള്ള മനുഷ്യന്റെ ആഗ്രഹവും മൃതദേഹത്തിൽ നിന്ന് അവയവങ്ങൾ എടുക്കുന്നതിനും മെഡിക്കൽ കൊളേജുകൾക്ക്  ശരീരം കൊടുക്കുന്നതിനും തടസ്സമാവുന്നുണ്ട്. പള്ളിക്കാടുകളിലും സെമിത്തേരികളിലും അടക്കം ചെയ്താലേ സ്വർഗ്ഗത്തിലെത്താൻ നേരിയ ചാൻസെങ്കിലും ഉണ്ടാകൂ എന്ന നിഷ്കളങ്ക വിശ്വാസമാണ് പുരോഹിതർ മുതലെടുക്കുന്നത്. ശരീരമല്ല 'റൂഹ്' (അതെന്താണാവോ?) ആണ് പരലോകത്ത് വിചാരണ ചെയ്യപ്പെടുക എന്നൊക്കെ പറയുന്ന പുരോഹിതർ എന്തിനാണാവോ അവയവദാനം, ശരീരദാനം  എന്നിവയെ എതിർക്കുന്നത്. ഉത്തരം ലളിതമാണ്. ഇസ്‌ലാമിൽ പൗരോഹിത്യമില്ല എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞാലും പുരോഹിതൻ തന്നെയാണ് വിശ്വാസികളെ നിയന്ത്രിക്കുന്നത്. അവർക്ക് വിശ്വാസികളെ നരകം കാണിച്ചു ഭയപ്പെടുത്തി വേണം തടിയനങ്ങാതെ ആഡംബരമായി ജീവിക്കാൻ. അതിന്റെ ഭാഗമാണീ ഇസ്‌ലാം/ക്രിസ്ത്യൻ മതപുരോഹിതരുടെ ശവം വെച്ചുള്ള വിലപേശൽ.

പക്ഷേ, കാര്യങ്ങൾ മാറിവരുന്നുണ്ട്. അന്യമതസ്ഥരുടെ അവയവങ്ങൾ സ്വീകരിക്കാം പക്ഷേ കൊടുക്കാൻ പാടില്ല എന്ന കടുത്ത വിഷം ചീറ്റൽ നടത്തിയ സിംസാറുൽ ഹക്കിനു പോലും, 'സ്വീകരിക്കാം' എന്ന ഇളവ് ചെയ്യേണ്ടിവന്നത് നിവൃത്തി കേടുകൊണ്ടാണ്. വിലക്ക് ലംഘിച്ചും സമ്പന്നരായ മുസ്ലിംകൾ കിഡ്‌നി പോലുള്ളവ വാങ്ങും എന്നയാൾക്കറിയാം. കല്യാണവീടുകളിലെ ഫോട്ടോഗ്രാഫി/വിഡിയോഗ്രാഹി നിരോധനം ചീറ്റിപ്പോകാനുള്ള കാരണവും ഇതുതന്നെയാണ്.

No comments: