Thursday, October 19, 2017

ശരീഅത്ത്

1400 വർഷം മുമ്പ് സംഭവബഹുലമായ ജീവിതം നയിച്ച ഒരു മനുഷ്യൻ അക്കാലത്ത് ആരാധിക്കപ്പെട്ടിരുന്ന പല ദൈവങ്ങളിൽ ഒന്നായ 'അള്ളാഹു' എന്ന ദൈവത്തിന്റെ പ്രവാചകനാണെന്നു സ്വയം അവകാശപ്പെട്ട് രംഗത്തു വന്നു. തന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും പ്രതിസന്ധികൾ  തരണം ചെയ്യാൻ വേണ്ടി ഒരു മാലാഖ വഴി അള്ളാഹു തനിക്ക് എത്തിച്ചുതന്നതാണെന്നു പറഞ്ഞു ഉരുവിട്ട വചനങ്ങളാണ് നാമിന്നു കാണുന്ന ഖുർആൻ. വലിയൊരു സാമ്രാജ്യത്തിനു അടിത്തറയിടുകയും ധാരാളം അനുയായികളെ ഉണ്ടാക്കുകയും ചെയ്തു അദ്ദേഹം. അതദ്ദേഹത്തിന്റെ മിടുക്ക്. സ്വാഭാവികമായും 40 മുതൽ 63 വയസ്സു വരെയുള്ള കാലയളവിൽ സങ്കീർണ്ണമായ പലഘട്ടങ്ങളിലും ആ മനുഷ്യൻ ഉരുവിട്ട പല കാര്യങ്ങളും പരസ്പരവിരുദ്ധമായില്ലെങ്കിലേ അത്ഭുതമുള്ളൂ. അതാണ് ഖുർആനിൽ കാണുന്ന വൈരുധ്യങ്ങൾ. പലയിടത്തും ദീനാനുകമ്പയുടെ മൂർത്തീമദ്ഭാവമാകുന്ന വചനങ്ങളും, ഭീഷണികളും, കൊലവിളികളും, ശാപവചനങ്ങളും കാണാം.

ഉദാഹരണത്തിന് Sura : 111, Masad. മതപ്രബോധനം നടത്തിയ നബിയെ അബൂലഹബ്  'മുഹമ്മദേ നീ നശിച്ചു പോട്ടേ' (തബാലക് യാ മുഹമ്മദ്) എന്ന് ശപിച്ചു. ഉടൻ വന്നു ദൈവവചനം. അബൂലഹബിനെയും ഭാര്യയെയും തെറി വിളിക്കുന്ന ശാപവചനങ്ങളാണീ അധ്യായം മുഴുവൻ.

Sura 111 - Masad

അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു.
അവന്റെ ധനമോ അവൻ സമ്പാദിച്ചു വെച്ചതോ അവനുപകാരപ്പെടില്ല.
തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ പ്രവേശിക്കുന്നതാണ്‌.
വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും.
അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

ഈ ഒരൊറ്റ അദ്ധ്യായം മതി സാമാന്യബുദ്ധിയുള്ള ഒരാൾക്ക് ഖുർആൻ ദൈവവചനമല്ലെന്നു മനസ്സിലാക്കാൻ. പക്ഷേ കോടിക്കണക്കിനു വരുന്ന മുസ്ലിംകൾ ഇതംഗീകരിക്കില്ല. അതവരുടെ വിശ്വാസം. എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. പക്ഷേ അത് വലിയൊരു സമൂഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനു തടസ്സം നിൽക്കുമ്പോഴാണ് എതിർക്കേണ്ടി വരുന്നത്.

ഇസ്‌ലാമിക ശരീഅത്തിൽ മനുഷ്യത്വ വിരുദ്ധമായ ചില നിയമങ്ങൾ നോക്കുക:

1. ഒരു പെൺകുട്ടി മാത്രമുള്ള ഒരാൾ മരിച്ചാൽ അയാളുടെ സ്വത്തിന്റെ പകുതി മാത്രമേ ആ മകൾക്ക് കിട്ടുകയുള്ളൂ. ബാക്കി പകുതി ബന്ധുക്കൾക്കോ ബന്ധുക്കളില്ലെങ്കിൽ 'ബൈത്തുൽ മാലിലേക്കോ' (പള്ളിക്കമ്മിറ്റി) പോകും. ഒന്നിൽ കൂടുതൽ പെണ്മക്കളാണെങ്കിൽ മൂന്നിലൊന്ന് സ്വത്ത് അന്യാധീനപ്പെടും.

2. പിതാവ് ജീവിച്ചിരിക്കേ മകൻ മരിച്ചാൽ ആ മകന്റെ മക്കൾക്ക് സ്വത്തവകാശം കിട്ടില്ല. അനാഥരെ സംരക്ഷിക്കലിന് ഇസ്‌ലാം വലിയ സ്ഥാനം നൽകിയിട്ടുണ്ടെന്നും ആ പിതാവിന് വേണമെങ്കിൽ പേരക്കുട്ടികളുടെ പേരിൽ വസിയത് (മരണശേഷം സ്വത്ത് നൽകാനുള്ള കരാർ) ചെയ്യാമെന്നും അതു പലരും ചെയ്യുന്നുണ്ടെന്നും ആണ് ഇപ്പോൾ പലരും പറയുന്ന വിശദീകരണം. പക്ഷേ കരുണാമയനായ ദൈവം ഇത് നിർബന്ധം (ഫർള് ) ആക്കിയിട്ടില്ല. പിതാവും മകനും ഒരുമിച്ചു (ഒരാക്സിഡന്റിലോ മറ്റോ) മരിച്ചാലും, പിതാവിന് ബോധമില്ലാതിരിക്കുമ്പോൾ മകൻ മരിച്ചാലും ഈ വസിയത് നടക്കില്ല. മറ്റവകാശികൾ കനിഞ്ഞില്ലെങ്കിൽ ഈ അനാഥക്കുട്ടികൾക് ഒന്നും കിട്ടില്ല. ഈ പരിഷ്കൃത ലോകത്ത് നാട്ടുകാരെ ഭയന്ന് പലരും ഇതു ചെയ്യില്ലായിരിക്കാം. പക്ഷേ, മരിച്ച ആ മകന് കിട്ടേണ്ടിയിരുന്ന ഓഹരി ഈ കുട്ടികൾക്ക് കൊടുക്കുന്ന രീതിയിൽ ശരീഅത് പരിഷ്കരിക്കാൻ തടസ്സം നിൽക്കുന്നവരിൽ ഇവിടെയുള്ള എല്ലാ ഇസ്‌ലാമിക സംഘടകളുമുണ്ട്. ഈ ക്രൂരത മറ്റെല്ലാ മതങ്ങളിലും ഉണ്ടായിരുന്നു. പക്ഷേ അവയൊക്കെ കാര്യമായ എതിർപ്പില്ലാതെ നിയമഭേദഗതി വരുത്തി തിരുത്തി. പക്ഷേ അപ്പോഴും ഖുർആനും ശരീഅത്തും ഏറ്റവും മികച്ചതാണെന്നും ലോകരക്ഷക്ക് ഇത് പ്രചരിപ്പിക്കണമെന്നും പറഞ്ഞു നടക്കുകയാണ് ഇസ്‌ലാമിസ്റ്റുകൾ.

3. ആൺകുട്ടികളുടെ പകുതിയേ പെൺകുട്ടികൾക്ക് പിതൃസ്വത്ത് കിട്ടുകയുള്ളൂ. അതിനു പറയുന്ന ന്യായം സ്ത്രീക്ക് സാമ്പത്തികമായ ഒരുത്തരവാദിത്തവും ഇസ്‌ലാം കല്പിച്ചിട്ടില്ലെന്നും, എല്ലാം പുരുഷനാണെന്നുമാണ്. പെണ്ണിനെ കല്യാണം കഴിച്ചയക്കാൻ നല്ല ചെലവ് വരുമെന്നും അതിനാൽ ഈ പാതിസ്വത്തിൽ അനീതിയില്ലെന്നും പറയുന്നവരുണ്ട്. പക്ഷേ ആണിനെപ്പോലെ പഠിച്ചുയർന്നു സ്വന്തം കാലിൽ നിന്ന് സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്ന (അല്ലെങ്കിൽ വിവാഹമൊന്നും കഴിക്കാത്ത) സ്ത്രീകളുള്ള ഈ കാലത്ത്‌ ഇതെത്ര പരിഹാസ്യമായ വാദമാണ്.

ഇങ്ങനെ ചെറുതും വലുതുമായ ഒരുപാടു കാര്യങ്ങളുണ്ട്. അന്ധവിശ്വാസങ്ങൾ വഴി മനുഷ്യപുരോഗതിക്ക് തടസ്സം നിൽക്കുന്ന കാര്യത്തിൽ എല്ലാ മതങ്ങളും മുന്നിലുണ്ട്. പക്ഷേ, പല കാര്യങ്ങളിലും അവർ വിട്ടുവീഴ്ചക്ക് തയ്യാറാവുന്നുണ്ട്. ഇസ്‌ലാം മാത്രം ശാസ്ത്രീയമെന്നും, സമഗ്രമെന്നും, എല്ലാ കാലത്തേക്കുള്ളതെന്നും പറഞ്ഞ് മാറ്റങ്ങൾക്കു തയ്യാറാകാതെ വെറും യാദൃശ്ചികത കൊണ്ടു മാത്രം ആ മതചുറ്റുപാടിൽ ജനിച്ചുപോയ കോടിക്കണക്കിനാളുകളുടെ ജീവിതം ദുസ്സഹമാക്കുകയാണ്.

അവയവദാനം

അവയവദാനം പോയിട്ട് രക്തദാനം പോലും ഖുർആനിലോ ഹദീസിലോ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ചരിത്രബോധമുള്ള ആർക്കും മനസ്സിലാവും. അതിൽ ഇസ്‌ലാമിനെ പരിഹസിക്കുന്നുമില്ല. ആധുനിക മനുഷ്യന്റെ സങ്കീർണ്ണമായ പുതിയ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ചർച്ചചെയ്യുന്നിടത്ത് മതപുരോഹിതന്മാർ ഇടപെടുന്നതാണ് പ്രശ്‍നം. ഇസ്ളാമൊഴികെ മറ്റു മതങ്ങളിലൊന്നും ഈ പ്രശ്‍നം ഇത്ര രൂക്ഷമല്ല. ഇസ്‌ലാം അവകാശപ്പെടുന്ന 'സമഗ്രത'യാവിണിവിടെയും പ്രശ്‍നം.  ഉടലോടെ സ്വർഗത്തിൽ പോകാനുള്ള മനുഷ്യന്റെ ആഗ്രഹവും മൃതദേഹത്തിൽ നിന്ന് അവയവങ്ങൾ എടുക്കുന്നതിനും മെഡിക്കൽ കൊളേജുകൾക്ക്  ശരീരം കൊടുക്കുന്നതിനും തടസ്സമാവുന്നുണ്ട്. പള്ളിക്കാടുകളിലും സെമിത്തേരികളിലും അടക്കം ചെയ്താലേ സ്വർഗ്ഗത്തിലെത്താൻ നേരിയ ചാൻസെങ്കിലും ഉണ്ടാകൂ എന്ന നിഷ്കളങ്ക വിശ്വാസമാണ് പുരോഹിതർ മുതലെടുക്കുന്നത്. ശരീരമല്ല 'റൂഹ്' (അതെന്താണാവോ?) ആണ് പരലോകത്ത് വിചാരണ ചെയ്യപ്പെടുക എന്നൊക്കെ പറയുന്ന പുരോഹിതർ എന്തിനാണാവോ അവയവദാനം, ശരീരദാനം  എന്നിവയെ എതിർക്കുന്നത്. ഉത്തരം ലളിതമാണ്. ഇസ്‌ലാമിൽ പൗരോഹിത്യമില്ല എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞാലും പുരോഹിതൻ തന്നെയാണ് വിശ്വാസികളെ നിയന്ത്രിക്കുന്നത്. അവർക്ക് വിശ്വാസികളെ നരകം കാണിച്ചു ഭയപ്പെടുത്തി വേണം തടിയനങ്ങാതെ ആഡംബരമായി ജീവിക്കാൻ. അതിന്റെ ഭാഗമാണീ ഇസ്‌ലാം/ക്രിസ്ത്യൻ മതപുരോഹിതരുടെ ശവം വെച്ചുള്ള വിലപേശൽ.

പക്ഷേ, കാര്യങ്ങൾ മാറിവരുന്നുണ്ട്. അന്യമതസ്ഥരുടെ അവയവങ്ങൾ സ്വീകരിക്കാം പക്ഷേ കൊടുക്കാൻ പാടില്ല എന്ന കടുത്ത വിഷം ചീറ്റൽ നടത്തിയ സിംസാറുൽ ഹക്കിനു പോലും, 'സ്വീകരിക്കാം' എന്ന ഇളവ് ചെയ്യേണ്ടിവന്നത് നിവൃത്തി കേടുകൊണ്ടാണ്. വിലക്ക് ലംഘിച്ചും സമ്പന്നരായ മുസ്ലിംകൾ കിഡ്‌നി പോലുള്ളവ വാങ്ങും എന്നയാൾക്കറിയാം. കല്യാണവീടുകളിലെ ഫോട്ടോഗ്രാഫി/വിഡിയോഗ്രാഹി നിരോധനം ചീറ്റിപ്പോകാനുള്ള കാരണവും ഇതുതന്നെയാണ്.

സ്ത്രീപുരുഷ സൗഹൃദം

സ്ത്രീപുരുഷ സൗഹൃദത്തെക്കുറിച്ചാണ് പറയാൻ പോകുന്ന ത്. വിഷയം സമുദ്രം പോലെ പരന്നതായതു കൊണ്ട് ഒന്നിൽ കൂടുതൽ കുറിപ്പുകളാണ് എഴുതാൻ ഉദ്ദേശിക്കുന്നത്.

ലിംഗസമത്വ ചർച്ചകളിലൊക്കെ ഇപ്പോൾ വിശ്വാസികളിൽ പലരും പറയാറുള്ളത് ഇവയാണ്:

1. അന്യപുരുഷനും സ്ത്രീയും തമ്മിൽ സൗഹൃദം പാടില്ല, അവർക്കിടയിൽ പിശാച് പ്രവർത്തിച്ച് തിന്മ ചെയ്യിപ്പിക്കും

2. സ്ത്രീക്ക് മതം പുരുഷനേക്കാൾ വലിയ സ്ഥാനമാണ് നൽകിയിരിക്കുന്നത്. പരുഷൻ ചെമ്പാണെങ്കിൽ സ്ത്രീ സ്വർണമാണ്, അതിനാലാണ് സ്ത്രീ സംരക്ഷിക്കപ്പെടേണ്ടത്.

3. സ്ത്രീക്ക് സാമ്പത്തികമായി ഒരുത്തരവാദിത്തവും നൽകിയിട്ടില്ല, മാതാപിതാക്കളെയും കുട്ടികളെയും, ഭാര്യയെയും (ഭാര്യമാരെയും)  സംരക്ഷിക്കേണ്ട സാമ്പത്തികമായ ഉത്തരവാദിത്തം മുഴുവൻ പുരുഷനാണ്. അതുകൊണ്ട് സ്ത്രീക്ക് സ്വത്തവകാശം പകുതിതന്നെ ധാരാളമാണ്.

4. ഭാര്യ അനുസരണക്കേട് കാണിച്ചാൽ അവളെ അടിക്കാം.

5. സ്ത്രീ പുരുഷന്റെയത്ര സ്ഥിരചിത്തതയില്ലാത്തവളാണ്, അത് കൊണ്ടാണ് സ്ത്രീയുടെ സാക്ഷ്യത്തിന് അര പുരുഷന്റെ വിലമാത്രമുള്ളത് (ബലാസംഗക്കേസുകളിൽ പുരുഷൻ ശിക്ഷിക്കപ്പെടണമെങ്കിൽ 2 പുരുഷന്മാരോ 4 സ്ത്രീകളോ സാക്ഷി പറയണം, അല്ലെങ്കിൽ പരാതിക്കാരിയായ സ്ത്രീ ശിക്ഷിക്കപ്പെടും)

6. കുലീനകളായ സ്ത്രീകൾക്ക് സ്വന്തം ഭർത്താവല്ലാത്ത പുരുഷന്മാരോട് ലൈംഗികാകർഷണം തോന്നില്ല, അതുകൊണ്ടാണ് സ്വർഗത്തിൽ
ഹൂറൻമാരില്ലാത്തത്. സച്ചരിതകളായ സ്ത്രീകൾക്ക് സ്വർഗത്തിൽ അവളുടെ ഭർത്താവുതന്നെയായിരിക്കും ഇണയായുണ്ടാവുക (ആ ഭർത്താവ് നരകത്തിലാണെങ്കിൽ ആരായിക്കും ആ ഭാര്യക്ക് ഇണ?, ആദ്യഭർത്താവ് മരിച്ചശേഷം വീണ്ടും വിവാഹം കഴിച്ച സ്ത്രീകൾക്ക് ഏത് ഭർത്താവിനെയാണ് സ്വർഗത്തിൽ ഇണയായിക്കിട്ടുക?)

ഇതിൽ ചില കാര്യങ്ങളിലൊക്കെ സുന്നി/മുജാഹിദ്/ജമാഅത്/തബ്ലീഗ് വിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷം കാര്യങ്ങളിലും അവർ ഏകാഭിപ്രായക്കാരാണ്.

എല്ലാ മതങ്ങളും പുരുഷനിർമ്മിതമായതു കൊണ്ട് അവയുടെയൊക്കെ അടിസ്ഥാനപ്രമാണങ്ങളിൽ കടുത്ത സ്ത്രീവിരുദ്ധത കാണാൻ കഴിയും. പക്ഷേ, മറ്റെല്ലാമതങ്ങളും കാലത്തിനൊത്തു മാറാൻ ശ്രമിക്കുമ്പോൾ എല്ലാ കാലത്തേക്കെന്നും 'സമഗ്ര'മെന്നും പറയുന്ന ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ ഇവിടെ പ്രശ്നമാകുന്നത്.

(തുടരും...)